ഓര്‍മ്മകളില്‍ ഒരു വസന്തം

അന്ന് എക്സാം ഹാളില്‍ നിന്ന് ഇറങ്ങുമ്പോള്‍ വല്ലാത്ത ഒരു അനുഭൂതിയായിരുന്നു മനസില്‍. കാരണം അന്ന് അവസാനത്തെ പരീക്ഷ കൂടി തീരുകയാണ്. ആ ഒരു വികാരത്തിനെ സന്തോഷം അല്ലെങ്കില്‍ ആഹ്ലാദം എന്നൊന്നും അല്ല പറയേണ്ടത്. ഒരു പക്ഷേ കൂട് തുറന്ന് വിട്ട പക്ഷിക്ക് തൊട്ട് മുമ്പില്‍, ചിറക് വിടര്‍ത്തി പറക്കാനായി ആകാശം ഇങ്ങനെ പരന്നു കിടക്കുന്നത് കാണുമ്പോഴുള്ള ഒരു അനിര്‍വചനീയമായ ഒരു വികാരം.

അപ്പോള്‍ ഭാവിയെ കുറിച്ചൊ .. ഇനി എന്ത് എന്ന ചിന്തയോ ഒന്നും അലട്ടുന്നേയുണ്ടായിരുന്നില്ല. ആര്‍ക്ക് വേണം…

പിന്നീട് എല്ലാ അവധി കാലവും ചെയ്യുന്ന പോലേ ഇത്തവണ എന്തൊക്കെ ചെയ്യണം,എവിടെ ഒക്കെ പോകണം എന്ന പ്ലാനിങ് ആണ്. എന്തായാലും ‍ ബന്ധുവീടുകളില്‍ നടത്തണ്ട സന്ദര്‍ശനമൊക്കെ സ്ഥിരം പരിപാടിയാണ്. പിന്നെ വിഷു.. അങ്ങനെ അടിച്ചു പൊളിക്കാനായി ഒട്ടനവധി പരിപാടികള്‍…

അങ്ങനെ പതുക്കെ അവധി കാലം അടിച്ചു പൊളിച്ച് ആഘോഷം തുടങ്ങി.
ക്രിക്കറ്റ് കളി, ഷട്ടില്‍ ബാറ്റ് അങ്ങനെ പോകുന്നു പരിപാടികള്‍. അമ്മ വീട്ടില്‍ അങ്ങനെ നിലം തൊടാതെ കറങ്ങി നിലുക്കുമ്പോള്‍ അറീയുന്നു.. അമ്മ താവഴിയില്‍ ഒരകന്ന അമ്മാവന്‍, പണ്ട് മുതല്‍ ബോംബേയില്‍ സ്ഥിരതാമസമാക്കിയ ആള്‍, തറവാട്ടില്‍ വിഷു ആഘോഷിക്കാനായി വരുന്നുണ്ടത്രെ..

ഓ.. നമുക്കിതിലെന്ത് കാര്യം..? അവര് ബോംബേകാര് നമ്മള്‍ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പോയി തല ഇടുന്നെ!! നമുക്ക് നമ്മുടെ ക്രിക്കറ്റ് കളിയും.. വൈകുന്നേരങ്ങളില്‍ കളിച്ചു ക്ഷീണിച്ചു വരുമ്പോള്‍ ശങ്കരന്‍ നായരുടെ ചായകടയില്‍ കയറി ഉള്ള ചപ്പാത്തിയും മുട്ടക്കറിയും എല്ലാം ആണ് വലിയ വലിയ കാര്യങ്ങള്‍. ഒരു ദിവസത്തെ ചപ്പാത്തിയും മുട്ടകറിയും കഴിക്കാനുള്ള പൈസ ഇല്ലെങ്കില്‍ അതൊരു ഭൂലോക പ്രശ്നം തന്നെ.

അങ്ങനെ ബോംബേക്കാര് ലാന്‍ഡ് ചെയ്തു. അവര് ലാന്‍ഡ് ചെയ്തു കഴിഞ്ഞപ്പോള്‍ തറവാട്ടിലെ അമ്മാവന്റെ മകന്‍, എന്റെ ഏറ്റവും നല്ല കളിക്കൂട്ടുകാരന്‍ അവിടെ ബിസി ആവാന്‍ തുടങ്ങി. കടയില്‍ പോകുക, അവരെ സ്ഥലങ്ങള്‍ കാണിക്കാ‍ന്‍ കൊണ്ടുപോ‍കുക..അങ്ങനെ പല പല പരിപാടികള്‍… അപ്പൊ പിന്നെ എനിക്കും ബോറാവാന്‍ തുടങ്ങി..തിരിച്ചു പോയാലോ?

പിന്നെ ഞാനും എന്തേലും ആവട്ടെ എന്ന് കരുതി അവന്റെ കൂടെ പോകാന്‍ തീരുമാനിച്ചു. അങ്ങനെ ബോംബേകാരെ പരിചയപ്പെട്ടു. പരിചയപ്പെട്ടതിന്റെ കൂട്ടത്തില്‍ ഒരു പത്താം ക്ലാസ്സുകാരിയും ഉണ്ട്..

“കുട്ടിയും പത്തിലാണോ? പരീക്ഷ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.?”
“ഇറ്റ്സ് ഫൈന്‍… വാസ് ഓ.കെ.”

“ടാ… കുട്ടാ.. ഈ കൊച്ചിന് മലയാളം അറിയില്ലെ” പതുക്കെ കുട്ടനോട്..

നമ്മള്‍ സാധാ.. സര്‍ക്കാര്‍ സ്കൂള്‍.. ശ്രീ കൃഷ്ണ വിലാസം ലോവര്‍ പ്രൈമറി സ്കൂളില്‍ പ്രാഥമിക വിദ്യഭ്യാസവും പിന്നെ കുഴൂര്‍ സര്‍ക്കാരു സ്കൂളില്‍ ഉന്നത വിദ്യഭ്യാസവും പൂര്‍ത്തീകരിച്ച എനിക്ക് അപ്പൊ ഇംഗ്ലീഷ് എവിടുന്ന് വരാന്‍.

ഇംഗ്ലീഷ് വിഷയം അരപരീക്ഷക്ക് എങ്ങനെ പാസ്സായതെന്ന് എനിക്കും പുറപ്പിള്ളിക്കാവിലമ്മക്കും പിന്നെ പേപ്പര്‍ നോക്കിയ മാഷിനും അറിയാം.പിന്നെ മുട്ടി,മുട്ടി എന്തെങ്കിലും ഇംഗ്ലീഷ് പറയാന്‍ എങ്ങാനും‍ ചിന്തിച്ചാല്‍ അത് പ്രെസന്റ് ടെന്‍സില്‍ പറയണോ.. അതോ പാസ്റ്റ് ടെന്‍സില്‍ പറയണോ എന്നുള്ള കണ്‍ഫ്യുഷനില്‍ അത് പൊളിഞ്ഞു പാളീസാകും.

“കുരച്ചു കുരച്ചു അരിയുമായിരിക്കും”… കുട്ടന്‍.
“വാട്ട് ഈസ് യുവര്‍ നെയിം?”… അതു ചോദിക്കാന്‍ എനിക്കെന്തായാലും അറിയാം.

പക്ഷെ ഇതൊക്കെയാണെങ്കിലും സത്യത്തില്‍ അവിടെ സംഭവിച്ചതെന്തെന്നാല്‍, ഈ സാഹിത്യകാരന്മാരൊക്കെ പറയുന്ന പോലെയുള്ള ഒരു ആദ്യാനുരാഗമായിരുന്നു. ഈ ‘love at first sight’ എന്നൊക്കെ പറയുന്നത് ഇതാണെന്ന് എനിക്ക് പിന്നീട് ആലോചിച്ചപ്പോഴാണ് പിടികിട്ടിയത്.പക്ഷെ ആ അവസ്ഥയില്‍ അതൊരു അനുരാഗമായിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല എനിക്ക്.

പിന്നെ സാധാരണ പോലെ കളിച്ചും ചിരിച്ചും അങ്ങനെ ദിവസങ്ങള്‍ നീങ്ങി. പക്ഷെ അവധി കാലം കഴിഞ്ഞു പിരിഞ്ഞു പോകാറാകുമ്പോഴാണ് സത്യത്തില്‍ അത്രയും ദിവസം ഒരുമിച്ചു കളിച്ചു ചിരിച്ചു നടന്ന ആ എല്ലാ സന്തോഷവും ഒരു നിമിഷത്തേക്ക് മറന്ന് മനസ്സ് വിതുമ്പുന്നത്. എല്ലാ അവധി കാലത്തിന്റെ ഒടുവിലും അമ്മ വീട്ടില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ മനസിനുണ്ടാകാറുള്ള ഒരു വിതുമ്പലും നഷ്ടബോധവും ഇത്തവണ കൂടുതലായിരുന്നു. അതിനുള്ള കാരണം ബോംബേകാരിയായിരുന്നു എന്നു പ്രത്യേകിച്ച് പറയണ്ടല്ലോ…

പിന്നീട് എഴുത്തുകളിലൂടെയായി സംസാരം. (വീട്ടില്‍ ഫോണില്ല. തറവാട്ടിലും). അന്നത്തെ ആ ഒരു ബന്ധം സത്യസന്ധവും നിഷ്കളങ്കവുമായ ഒരു നല്ല സുഹൃത്ബന്ധമായിരുന്നു (???). പക്ഷെ പത്തില്‍ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ എന്താ ഇത്ര എഴുത്തുകുത്തുകള്‍. വീട്ടുകാര്‍ക്ക് യാഥാസ്ഥിതികമായി സംശയം തോന്നാം. അങ്ങനെ സംശയം തോന്നാതിരിക്കാന്‍ ഞങ്ങള്‍ ഒരു രഹസ്യ കോഡിംഗ് കണ്ടു പിടിച്ചു എഴുത്ത് എഴുതാന്‍.(ഇംഗ്ലീഷിലാണ് എഴുത്ത് എഴുതുന്നത് കേട്ടൊ.) ഒന്നാമത്തെ കോഡിങ് എങ്ങനെയെന്ന് വച്ചാല്‍ ഇംഗ്ലിഷ് വാക്കുകളുടെ ലെറ്റേര്‍സ് തിരിച്ചു എഴുതുക എന്നുള്ളതാണ്. പക്ഷെ അത് കണ്ടുപിടിക്കാന്‍ എളുപ്പമുള്ളതു കൊണ്ട് പിന്നെ അല്‍പ്പം കൂടി കോം‌പ്ലികേറ്റഡ് ആയ ഒരു കോഡിംഗ് വഴിയായി എഴുത്ത്. അതു എങ്ങനെയെന്ന് വച്ചാല്‍ abcd എന്നണ് വാക്കെങ്കില്‍ അതിനെ bcde എന്ന് എഴുതും. ഓരൊ അക്ഷരം കടത്തി. അതിച്ചിരി ബുദ്‌ധിമുട്ടായിരുന്നു, ഡീ-കോഡിംഗ് ചെയ്യുവാന്‍.

പിന്നീട് ബോംബേക്ക് തിരിച്ചു പോകുന്നതിന് മുമ്പായി അവള്‍ എന്റെ വീട്ടില്‍ വന്നു .അന്ന് ഒറ്റ ദിവസം കൊണ്ട് അടുത്തുള്ള വയലേലകളും പുഴയരികും എല്ലാം സൈക്കിളില്‍ ഞങ്ങള്‍ ഒന്നിച്ച് കറങ്ങിയപ്പോള്‍ ഞാന്‍ അങ്കം ജയിച്ച വീരനെക്കാള്‍ നെഞ്ച് വിരിച്ചാവണം കറങ്ങിയത്,

പക്ഷെ ഇതൊക്കെയാണെങ്കിലും വീട്ടുകാര്‍ക്ക് സംഗതി പിടികിട്ടി. നമ്മള്‍‍ക്കൊരു വാര്‍ണിംഗും കിട്ടി. അതോടെ നിന്നു. കത്തെഴുതലും, കോഡിംഗും ഡീ-കോഡിംഗും. പിന്നീട് ഇത് നല്ലൊരു ഓര്‍മ്മയായി..

എന്നും……………………………………… മഞ്ഞുതുള്ളി.

9 thoughts on “ഓര്‍മ്മകളില്‍ ഒരു വസന്തം”

  1. ഓര്‍മ്മകള്‍… അതും കളങ്കമില്ലാത്ത കുട്ടിക്കാലത്തിന്റെ കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍. തിരികെ നടന്നു ഒരിത്തിരി നേരം… ആ യാത്ര സുന്ദരമായിരുന്നു… നന്ദി…

  2. വളരെ ഇഷ്ടപ്പെട്ടു… കാരണം, വളരെ നന്നായി പറഞ്ഞിരിക്കുന്നു; നല്ല ഒഴുക്കോടെ…

  3. ഓര്‍മ്മയിലൊരു തുള്ളി കണ്ണീര് പടരുമ്പോള്‍,അറിയുന്നു നാം നടന്നോരി പാതകളൊന്നും,വ്യര്‍ഥമായില്ല നാം ധന്യരെന്ന്..-നന്നായിരിക്കുന്നു,തെളിനീര്‍ ഒഴുകുന്നൊരു അരുവി പോലെ.-പാര്‍വതി.

  4. ആദ്യ പ്രണയവും ആദ്യ… ആ അങ്ങിനെ അദ്യത്തെ ഏതാണ്ടൊക്കെ എപ്പോഴും ഓര്‍മ്മ നിക്കുമെന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ?? ആരാ.. ഈ ഭൂലോകതിലാരെങ്കിലുമാണോ അത് പറഞ്ഞത്? ….

  5. മഞ്ഞുതുള്ളികള്‍…….ആദ്യാനുരാഗം ചന്ദ്രക്കലപോലെയാണ്‌…..കറുത്തവാവിന്റെ കടുത്തതമസ്‌ അതിനെ മൂടിയാലും അതിനടിയില്‍ ചിരിക്കുന്ന ചന്ദ്രക്കല കാണും…….

  6. കുട്ടിക്കാലത്തിന്റെ മറക്കാനാവാത്ത ഓര്‍മ്മകള്‍.. കാലത്തിന്റെ കൈക്രിയയില്‍ എവിടെയോ വെച്ച് നഷ്ടമായ സുവര്‍ണ്ണ കാലം…മറക്കാനാവത്ത് ബാല്യവും കൌമാരവും…മഞ്ഞുതുള്ളീ‍ അസ്സലായി കെട്ടോ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s