ഒരു ദിവസത്തിന്റെ മുഴുവന്‍ ക്ഷീണവുമായി റൂമിലെത്തിയപ്പോള്‍ ആദ്യം അകത്ത് ആരും ഇല്ലെന്നാണ് കരുതിയത്..ആകെ ഇരുട്ട്,നേരം വെളുത്ത് വരുന്നതേയുള്ളൂ,ലൈറ്റ് ഇട്ട് നോക്കിയപ്പോള്‍ മേശപ്പുറത്ത് മുക്കാലും തീര്‍ന്ന കുപ്പിയും പാതി നിറഞ്ഞ ഗ്ലാസ്സുമായി ഞാന്‍ വന്നത് പോലും അറിയാതെ ഏതോ ലോകത്ത് സ്വയം നഷ്ടപെട്ടിരിക്കുന്ന ബദറുദ്ദീനെ കണ്ടു.
ഒരു പാട് റൂം മാറ്റങ്ങള്‍ കഴിഞ്ഞ് ഇങ്ങനെയൊരു റൂമിലെത്തുമ്പോഴെയ്ക്കും കൂടെ താമസിക്കുന്നത് ആരെന്ന ആശങ്കയൊക്കെ മാറി കഴിഞ്ഞിരുന്നു,രാവും പകലും അറിയാതെയുള്ള ജോലിക്കിടയില്‍ അവര്‍ വരുന്നതും പോകുന്നതും അറിയില്ല.ഈ റൂമില്‍ എത്തിയപ്പോള്‍ പതിവില്‍ കൂടുതല്‍ സമാധാനം തോന്നി.ആരോടും അധികം മിണ്ടാത്ത ഒരു അന്തര്‍മുഖനാണ് ബദര്‍.ഒരു ഒറ്റയാനെ കാണുന്ന തോന്നല്‍ എന്ത് കൊണ്ടാണ് മനസ്സില്‍ വരുന്നതെന്ന് എപ്പോഴും ആലോചിച്ചിട്ടുണ്ട്.ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല,സമയം കിട്ടിയിട്ടില്ല എന്നാതാവും ശരി.
ഇന്ന് പക്ഷേ ഒരു മരവിപ്പിക്കുന്ന മൂകത.രാത്രി മുഴുവന്‍ പണിചെയ്തതിന്റെ ക്ഷീണവുമായി ഉറങ്ങാന്‍ ശ്രമിച്ചിട്ടും ഉറക്കം വന്നില്ല,തലവേദന കൂടുന്നു..
“രണ്ട് പെഗ്ഗടിച്ചിട്ട് കിടന്നോ,ഉറക്കം വരും”ഒരു വല്ലാത്ത മുഴക്കത്തോടെ ബദറിന്റെ ശബ്ദം വന്നത് ഞെട്ടിച്ച് കളഞ്ഞു.ഇത്രയും കഴിച്ചതിന്റെ യാതൊരു ലാഞ്ചനയും ഇല്ലാത്ത തെളിഞ്ഞ ശബ്ദം.
എഴുന്നേറ്റ് മേശയുടെ മറുപുറം പോയിരുന്നു.ജനല്‍ വഴി ഇടുങ്ങിയ ഗലിയിലെ തിരക്ക് കാണാം.ബദറെഴുന്നേറ്റ് പോയി ഒരു ഗ്ലാസ്സെടുത്ത് വന്ന് അതില്‍ കുപ്പിയില്‍ നിന്നും പകര്‍ന്ന് ഐസുമിട്ട് എന്റെ മുന്നിലേയ്ക്ക് നീക്കി വച്ചു തന്നു.
ഒരു വക്ക് തകര്‍ന്ന ഇന്‍ലന്റ് ബദറിന്റെ മുന്‍പില്‍..ഈ ഒറ്റയാന് ഒരു പ്രണയമോ..ഒരു അത്ഭുതം.ഞാന്‍ അതിലേയ്ക്ക് ശ്രദ്ധിക്കുന്നത് കണ്ട് ബദര്‍ അത് എന്റെ മുന്നിലേയ്ക്ക് നീക്കി വച്ചു.മറ്റൊരാളുടെ കത്ത് വായിക്കുക എന്നത് തെറ്റാണെന്ന തോന്നലില്‍ ഞാനതെതിര്‍ക്കാന്‍ നോക്കിയെങ്കിലും ഞാന്‍ അത് വായിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി.ഗ്ലാസില്‍ നിന്നൊരിറക്ക് കുടിച്ച് ഇന്‍ലന്റ് കൈയ്യിലെടുത്തു വായിച്ചു.
“പ്രിയപ്പെട്ട ബദറിക്കായ്ക്ക്,
എന്റെ എന്ത് ന്യായീകരണങ്ങള്‍ക്കും പൊറുക്കാനാവാത്ത ഒരു തെറ്റാണ് ഞാന്‍ ചെയ്തതെന്നും അതിന് അര്‍ഹിക്കുന്ന ശിക്ഷ മാത്രമാണ് ഇക്കാ തന്നതെന്നും എനിക്കറിയാം,ഇക്കയുടെ കണ്ണിലെ വെറൂപ്പിന്റെ നാളങ്ങള്‍ നേരില്‍ കാണാനാവുന്നില്ലെങ്കിലും എന്റെ മനസ്സിലെ പാപക്കറ ഞാന്‍ എവിടെ കഴുകി കളയും.റസിയയ്ക്ക് വീണ്ടും ഒരു കുഞ്ഞ് പിറന്നിരിക്കുന്നു.അവള്‍ എന്നോട് മിണ്ടാറില്ല.സ്നേഹിച്ചവരെയെല്ലാം വെറുപ്പിച്ച് ഈ തുരുത്തില്‍ ഞാനൊറ്റയ്ക്ക്.അഷറഫിക്ക ഇതൊന്നും അറിയരുതെന്ന പ്രാര്‍ത്ഥന മാത്രം,എനിക്ക് വേണ്ടിയല്ല,പറക്കമുറ്റാത്ത ഈ കുഞ്ഞിന് വേണ്ടി.
വെറുക്കരുതെന്ന് പറയാനുള്ള അര്‍ഹതയില്ല,എന്നാലും ശപിക്കരുതേ.
അള്ളാഹു കനിയട്ടെ.
സ്നേഹത്തോടെ ഷാഹിന.“
ഒരു മായികദ്വീപിന്റെ താക്കോലാണ് എന്റെ കയ്യില്‍ ഇരിക്കുന്ന കത്ത് എന്നെനിക്ക് തോന്നി.തലയുയര്‍ത്തി നോക്കിയപ്പോള്‍ എന്നെ ശ്രദ്ധിച്ചിരിക്കുന്ന ബദറിന്റെ കണ്ണുകളാണ് കണ്ടത്.
മുഖവുരകളില്ലാതെ അയാള്‍ തുടങ്ങി,ഏസിയുടെ നേര്‍ത്ത മുരള്‍ച്ചയ്ക്ക് മുകളില്‍ അയാളുടെ മുഴങ്ങുന്ന സ്വരം റൂമില്‍ നിറഞ്ഞു നിന്നു.
“ഒരു സാധാരണ കൌമാരക്കരന്റെ എല്ലാ ജാഡകളൊടും കൂടിയാണ് ഞാനും ഡിഗ്രിക്ലാസ്സില്‍ ആദ്യമെത്തിയത്.സ്കൂളിന്റെ പട്ടാളചിട്ടയില്‍ നിന്നും രക്ഷപെട്ട സന്തോഷത്തില്‍ അടിച്ചു പൊളിച്ച പ്രീ ഡിഗ്രി ഒരു കടമ്പ കണക്കെ കാണിക്ക മാര്‍ക്കും വാങ്ങി പാസ്സായപ്പോള്‍ ഈ കോളെജില്‍ കിട്ടിയത് തന്നെ ഭാഗ്യമായി വേണം കരുതാന്‍.പഠനം ഒരിക്കലും നിഘണ്ടുവിലുണ്ടായിരുന്നില്ല,അല്പം രാഷ്ട്രീയം,ചിത്രമെഴുത്ത്,ഇതൊക്കെയായി കോളേജ് ജീവിതം ആരംഭിച്ചു.
രണ്ടാം വര്‍ഷ കോളേജ് ഡേ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാണ് അവള്‍ മടിച്ച് മടിച്ച് എന്നോട് മിണ്ടിയത്.ശ്വാസത്തില്‍ അത്തറിന്റെ മണവും പതിനാലാം രാവിന്റെ അഴകും ഉള്ള ഒരു പെണ്ണ്.റസിയ.അവളുടെ കണ്ണില്‍ എന്നോടുള്ള പ്രണയം കനലായി എരിയുന്നത് ഞാന്‍ കണ്ടു,ഒരു പുതിയ ലോകം കാണുകയായിരുന്നു ഞാന്‍.
പിന്നിടുള്ള നാളുകള്‍ പ്രണയത്തിനായി ഉഴിഞ്ഞ് വച്ചവയായി.അവളും കൂട്ടുകാരി ഷാഹിനയും എന്നും ഒരുമിച്ചാണ് വരുക.അവളുടെ ഇക്കാക്കമാരില്‍ നിന്ന് രക്ഷപെട്ട് ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കുന്നതും ഷാഹിനയാണ്.
എന്റെ പഠനം കഴിഞ്ഞപ്പോളാണ് കണ്ട്മുട്ടുന്നതിന് പലവഴികള്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം കണ്ട്പിടിക്കേണ്ടി വന്നത്.എന്റെ പണം മുഴുവന്‍ അവളെ കാണാനുള്ള യാത്രകളില്‍ തീര്‍ന്നു,
എന്നിട്ടും ഈ കഥ അവളുടെ ഇക്കാക്കമാര്‍ അറിഞ്ഞു.കുറെ നാളുകളുടെ കൂരിരുട്ടിന് ശേഷം അറിഞ്ഞത് അവളെ അവളുടെ ആങ്ങളമാര്‍ വേറെ ബന്ധുവീട്ടിലാക്കി എന്നായിരുന്നു.സന്ദേശങ്ങള്‍ കൈമാറാനുള്ള ആകെ വഴി ഷാഹിന ആയിരുന്നു.അവളെ സംശയമില്ലാത്തതിനാല്‍ അവളുടെ കൂടെ പുറത്തും അവളുടെ വീട്ടിലേയ്ക്കും ഒക്കെ പോകാനുള്ള അനുവാദം ഉണ്ടായിരുന്നു റസിയയ്ക്ക്.ആ സമയങ്ങളായിരുന്നു ഞാന്‍ എന്റെ റസിയയെ കാണ്ടിരുന്നത്.
പക്ഷേ ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ എന്റെ ജീവനിലെ നിലാവ് മറഞ്ഞു,കാര്‍മേഘങ്ങള്‍ നിറഞ്ഞ മാനം മാത്രം.ഞാനയക്കുന്ന സന്ദേശങ്ങള്‍ക്കൊന്നും ഒരു മറുപടിയും ഇല്ല,അവളെ കാണണമെന്ന് ഷാഹിനയോട് പറഞ്ഞാലും അവള്‍ക്ക് കാണേണ്ടന്ന് മറുപടി..ഭ്രാന്ത് പിടിച്ച രാപകലുകള്‍.പിന്നെ ഒരു അശനിപാതം പോലെ അവളുടെ വിവാഹവാര്‍ത്തയും.
റസിയയുടെ വിവാഹത്തിന്റെ പിറ്റേ ആഴ്ച ഷാഹിന ഫോണ്‍ വിളിച്ചു,ഒന്ന് കാണണമെന്ന് പറഞ്ഞു,ഉത്തരമറിയാത്ത ഒരു പാട് കടംകഥകളുമായാണ് ഞാനവളെ കാണാന്‍ പോയത്.റസിയയെ എന്നും കാണാന്‍ കാത്തിരിക്കാറുള്ള റസ്റ്റോറന്റില്‍ ഷാഹിനയുമൊന്നിച്ച് ഇരുന്നപ്പോള്‍ ആകാശം ഒരു മഴക്കോള് കൊണ്ട് നിന്നു..അവളുടെ വായില്‍ നിന്നുതിര്‍ന്ന വാക്കുകളില്‍ വിരിഞ്ഞ കഥ പുറത്തെ ഇടിമുഴക്കത്തേക്കളും എന്നേ ഞെട്ടിച്ചു,
റസിയയുടെ ഇണപിരിയാത്ത കൂട്ടുകാരിയായി,നിഴലായി നടക്കുമ്പോള്‍ ഒരിക്കലും അവള്‍ അവളെപറ്റി ഓര്‍ത്തിരുന്നില്ല പോലും,പിന്നെയെന്നോ ക്ഷണിക്കപെട്ടാത്ത അതിഥിയായി ഞാന്‍ അവളുടെ ഉറക്കത്തെ ശല്യപെടുത്താന്‍ തുടങ്ങി.ഞങ്ങളുടെ ബന്ധം അഭിമാനക്ഷതം ആണെന്ന കാരണം കൊണ്ട് ഒരിക്കലും അംഗീകരിക്കാത്ത അവളുടെ ഇക്കാക്കമാരെ റസിയയും ഭയപെട്ടിരുന്നു.
ഒരു കടംകഥയുടെ ചുരുളഴിക്കുന്നത് പോലെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.റസിയയോട് എന്റെ സന്ദേശങ്ങളറിയിക്കാതിരിക്കുകയും,അവളുടെ സന്ദേശങ്ങള്‍ എന്നില്‍ നിന്ന് മറച്ച് വയ്ക്കുകയും ചെയ്ത് അവള്‍ റസിയയുടെ മനസ്സില്‍ ഞാന്‍ ഇല്ലാതായി എന്ന തോന്നല്‍ ഉണ്ടാക്കിയാണ് അവള്‍ മറ്റൊരു കല്യാണത്തിന് സമ്മതിച്ചതെന്ന് എനിക്ക് മനസ്സിലായി.എന്റെ കണ്ണില്‍ നിന്ന് പടര്‍ന്ന വൈരാഗ്യത്തിന്റെ കനല്‍ അവളെ ചുട്ടിട്ടുണ്ടാവണം.അവള്‍ യാത്ര പറയാതെ തന്നെ പോയിരുന്നു.
വിരുന്ന് കൂടാന്‍ സ്വന്തം വീട്ടിലെത്തിയ റസിയ ഒരിക്കല്‍ വെറുപ്പ് തിങ്ങിയ മുഖവുമായി മുന്നിലെത്തി.നിങ്ങള്‍ക്ക് ഷാഹിനയെ ഇഷ്ടമായിരുന്നെങ്കില്‍ അത് മുന്‍പ് തന്നെ പറഞ്ഞു കൂടായിരുന്നോ,എന്തിന് എന്റെ കുടുംബത്തില്‍ നിന്ന് എന്നെ അകറ്റി,നിങ്ങളെ പോലൊരു നികൃഷ്ടനില്‍ നിന്ന് രക്ഷപെടാനായത് അള്ളാ കനിഞ്ഞത് കൊണ്ട് മാത്രം.അപ്പൊഴാണ് തന്റെ ശവപെട്ടിയുടെ അവസാന ആണിയായി,റസിയയുടെ വിശ്വാസം ഉറപ്പിക്കാന്‍ ഷാഹിന ഈ കള്ളവും പറഞ്ഞിരുന്നു എന്ന് ഞാനറിഞ്ഞത്.
അയാള്‍ സംസാരം നിര്‍ത്തി കുപ്പി നേരെ വായിലേയ്ക്ക് കമിഴ്ത്തി.മറ്റേതോ ലോകത്ത് നിന്നിറങ്ങി വന്നവന്റെ മുഖത്തൊടെ ഞാന്‍ മിഴിച്ചിരുന്നു.
ബദര്‍ തുടര്‍ന്നു “ഇത് ഷാഹിനയുടെ കത്ത്.അതിന് ശേഷം എന്റെ ജീവിതം ഒരൊളിച്ചോട്ടമായിരുന്നു.എങ്ങോട്ടെന്നില്ലാതെ..എന്തില്‍നിന്നെന്നറിയാതെ..എങ്കിലും എങ്ങും എത്തിയില്ലെന്നൊരു തോന്നല്‍,ഇന്ന് ഇവളുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ട്.റസിയയ്ക്ക് രണ്ട് കുട്ടികളും,അവളെ കല്യാണം കഴിച്ചിരിക്കുന്ന അഷറഫ് എന്റെ കോളേജ് സഹപാഠിയും..ഇന്ന് അവളോട് വെറുപ്പ് തോന്നുന്നില്ല..
വെറുപ്പ് എന്നോട് മാത്രം..എന്നോട് മാത്രം.
അയാള്‍ കഥ പറഞ്ഞു നിര്‍ത്തി..എന്റെ ഗ്ലാസ്സൊഴിഞ്ഞ് പിന്നെയും ഒഴിച്ചെങ്കിലും ഉറക്കം എപ്പോഴോ വിട പറഞ്ഞിരുന്നു..മനസ്സിന്റെ അടുക്കുകള്‍ക്ക് ഓര്‍ത്ത് വേദനിക്കാന്‍ ഒരു കഥ കൂടി.
നിലാവു മാഞ്ഞ് പോയ ഒരു ലോകത്തിന്റെ കഥയുമായി ഞാനെത്തി ഒരു ഇടവേളയ്ക്ക് ശേഷം>>എല്ലാവരും വന്ന് കണ്ട് അഭിപ്രായമറിയിക്കുനെന്ന് പ്രത്യാശിക്കുന്നു.>>മഞ്ഞുതുള്ളി.
കൊള്ളാം തുള്ളീ.
വിശ്വാസ വഞ്ചനയോ അതോ സ്നേഹം പിടിച്ച് വാങ്ങാനുള്ള ത്വരയോ ജീവിതത്തിന്റെ ഈണങ്ങള്‍ പിഴയ്ക്കുന്നത് എത്ര വേഗത്തിലാണ്..>>എങ്കില്‍ വീണീടത്ത് കിടക്കാതെ മുന്നോട്ട് നടക്കുകയല്ലേ വേണ്ടത്.ജീവിതം ഇനിയെന്ത് നന്മ കൂട്ടി വച്ചിരിക്കുന്നു എന്ന് അപ്പോഴല്ലേ അറിയൂ..>>നല്ല കഥ.നന്നായി എഴുതിയിരിക്കുന്നു.>>-പാര്‍വതി.
മഞ്ഞുതുള്ളീ മനോഹരം… നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് വിധിയെ മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കില്‍… അസ്സലായിരിക്കുന്നു.
ദമയന്തിയുടെ പ്രണയദൂതുമായിപ്പോയ ഹംസത്തെപ്പോലെ…>എല്ലാ പ്രണയത്തിലുമുണ്ടാകും ദൈവസൃഷ്ടിയായ നിസ്വാര്‍ത്‌ഥരായ മാലാഖമാര്‍.>പക്ഷേ അവര്‍ ഷാഹിനയെപ്പോലെയാണെങ്കിലോ…>ബദറുദ്‌ദീനോടെന്താ പറയുക…>ഒരു മഞ്ഞുതുള്ളിയുടെ സാന്ത്വന സ്‌പര്‍ശമേകി സംരക്‌ഷിക്കുക.
കഥ ഇഷ്ടമായി.
കഥ മനോഹരമായി….ഖാദറിന്റെ അവസ്ഥ ആലോചിയ്ക്കാന്‍ പറ്റുന്നതിനേക്കാള്‍ ഭീകരമാണ്…പക്ഷേ ഷാഹിനയാണ് ശരിയ്ക്കുള്ള ദുരന്ത കഥാപാത്രം.തെറ്റുകള്‍ ചെയ്യാത്ത മനുഷ്യര്‍ ഇല്ല,പക്ഷേ ആ തെറ്റിന്റെ കുറ്റബോധത്താല്‍ സ്വന്തം ജീവിതം തന്നെ എരിച്ചു തീര്‍ക്കുന്ന ആ കഥാപാത്രം വല്ലാതെ സ്പര്‍ശിച്ചു.തെറ്റുകള്‍ ചെയ്തവര്‍ മനസ്സിലാക്കിയിടത്തോളം ശരികള്‍ ആരും മനസ്സിലാക്കിയിട്ടുണ്ടാവില്ല…തെറ്റ് ശരിയിലേക്കുള്ള എളുപ്പവഴിയാണെന്ന് എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..കഥയാണെങ്കില്‍ക്കൂടി എല്ലാം മറക്കാനും ഷാഹിനയ്ക്കു മാപ്പു കൊടുക്കാനും ഒരിയ്ക്കല്‍ മോഹിച്ച സ്ഥിതിയ്ക്ക് സ്വന്തം ജീവിതത്തിലേക്ക് ഷാഹിനയെ ക്ഷണിയ്ക്കാന്‍ ഖാദറിനാവട്ടെയെന്നും ആശംസിയ്ക്കുന്നു…നന്നായി എഴുതിയിരിയ്ക്കുന്നു….
നന്നായി,ഇനിയും മഞുഞ്ഞുതുള്ളിയില് ജീവിതങ്ങള്‍ പ്രതിഫലിക്കട്ടെ !
എന്നും ഓമനിക്കാനായി ഒരു സരളദു:ഖം നല്‍കുന്നതിലാണു പ്രണയത്തിന്റെ വിജയം; പ്രണയം എത്ര തീവ്രമായിരുന്നുവോ അത്രയും ആ ദു:ഖത്തിന്റെ ആനന്ദം ഇരട്ടിക്കും. ഇങ്ങിനെയൊരു പ്രണയമില്ലായിരുന്നെങ്കില്‍ – ഇങ്ങിനെ ഇട്ടിരിക്കുമ്പോള്‍ ഓര്‍മ്മിക്കാന്‍ പ്രാക്റ്റിക്കല്‍ ലൈഫിന്റെവിരസമായ കണക്കിലായിരിക്കും ചിന്തകളുടെ തേരോട്ടം.