Irupu Falls 3
Originally uploaded by Rameshng
വളരെ നാളുകൾക്ക് ശേഷമാണ് പണ്ടത്തെ കൂട്ടുകാർ എല്ലാം ഒത്ത് കൂടി ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്. ബാംഗളൂർ എത്തിയതിനുശേഷം ഇങ്ങിനെ ഒരു യാത്ര ആദ്യമായിട്ടാണ്. ഇത് പ്ലാനിംഗ് വന്നത് ഒരിക്കൽ ശിവപ്രസാദിന്റെ വീട്ടിൽ പോയപ്പോഴാണ്. ഒന്നിച്ച് ഡെൽഹിയിൽ ജോലി ചെയ്തവരിൽ മിക്കവാറും എല്ലാവരും ഇപ്പോൾ ബാംഗളൂർ ഒരു വിധം സെറ്റിൽഡ് ആയ അവസ്ഥയിലാണ്. കുട്ടി പ്രാരാംബ്ദങ്ങളുമായി അങ്ങിനെ പോകുന്നു. എല്ലാവരുടേയും ജീവിതം ഏകദേശം ഒരു പോലെ. ഓഫീസ്, വീട്, നാട്.. പിന്നേ ഫോൺ കാളുകൾ..അങ്ങിനെ. അങ്ങിനെ ഇരിക്കുമ്പോൾ വീക്കെന്റുകളിൽ ഒത്തുകൂടുന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഉരുത്തിരിഞ്ഞ ഒരു ആശയമായിരുന്നു രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന ഒരു യാത്ര. ഓഫീസ് തിരക്കുകൾ മാറ്റി വച്ച്, എല്ലാം മറന്ന് സമാധാനമായി രണ്ടു മൂന്നു ദിവസം. അങ്ങിനെ ഉരുത്തിരിഞ്ഞ് വന്ന ആശയമായിരുന്നു കൂർഗ് യാത്ര.
പിന്നെ ദിവസം തിരുമാനിച്ചു. എല്ലാവർക്കും സൗകര്യമായി ദിവസം തന്നെ തീരുമാനിച്ചു. അങ്ങിനെ ജൂലൈ അവസാന വാരം തന്നെ തീരുമാനിച്ചു. വെള്ളിയാഴ്ച എല്ലാവരും അവധിയെടുത്തു. അങ്ങിനെ വ്യാഴം രാത്രി തിരിക്കാൻ തീരുമാനിച്ചു. പിന്നെ ഫേസ്ബുക്കിൽ ഒരു പേജ് നിർമ്മിച്ച് ആസൂത്രണം തുടങ്ങി. എണ്ണമെടുത്ത് വന്നപ്പോൾ മൊത്തം എട്ട് കുടുംബങ്ങൾ ആയി. പിന്നീട് അവസാനനിമിഷത്തിൽ അത് അഞ്ച് കുടുംബമായി ചുരുങ്ങി. അങ്ങിനെ കൂർഗിൽ ഒരു ഹോം സ്റ്റേയും ബുക്ക് ചെയ്തു. ഒരു 24 സീറ്റർ വണ്ടിയും ബുക്ക് ചെയ്തു.
യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ,രൊരു ചെറിയ പ്രശ്ന്മായി. ബുക്ക് ചെയ്തിരുന്ന വണ്ടി എടുക്കുന്നതിനു മുൻപേ കേടായി. പിന്നെ ഇടി പിടീന്ന് എല്ലാവരും കൂടി തീരുമാനിച്ച് സ്വന്തം വണ്ടികളിൽ പോകാൻ തീരുമാനിച്ചു. അങ്ങിനെ മൂന്ന് കാറുകളിലായി അഞ്ച് കുടുംബങ്ങൾ യാത്ര തിരിച്ചു. രാത്രി പത്ത് മണിക്ക് തിരിച്ചു. മൈസൂർ റോഡ് വഴി തിരിച്ചു. മുന്നിൽ ഒരു വണ്ടിയിൽ ജി.പി.എസ് വഴികാട്ടി. ഇടക്ക് മൈസൂർ റോഡിന്റെ രസം കഴിഞ്ഞതിനു ശേഷം പിന്നെ അൽപ്പം മോശം വഴി. എന്നാലും പുലർച്ചെ അഞ്ച് മണിയോടെ കൂർഗിലെ ഹോം സ്റ്റേയിൽ എത്തി. വിചാരിച്ചതിലും ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ തന്നെ..പിന്നെ അൽപ്പ നേരം ഉറക്കം. എല്ലാവരും സുഖമായി എഴുന്നേറ്റ് നല്ല പ്രാതലും കഴിച്ച്, ഇരുപ്പ് വെള്ളച്ചാട്ടം കാണാൻ തിരിച്ചു. ഇരുപ്പു വെള്ള ച്ചാട്ടത്തിന്റെ ഭംഗിയിലും, മഴയിലും നനഞ്ഞു കുതിർന്നു ഒരു ഉച്ചഭക്ഷണത്തിലും കൂടി എല്ലാവരും ക്ഷീണിച്ചു. തിരിച്ചു ഹോം സ്റ്റേയിൽ എത്തി, ഒന്ന് വിശ്രമിച്ച് അടുത്തുള്ള ഒരു നദീ തീരത്ത് പോയി. എല്ലാവരും കൂടി ആസ്വദിച്ച് നടന്നു. അത് കഴിഞ്ഞ് വൈകുന്നേരം തീ കൂട്ടി, തണുപ്പിനിടക്ക് തണുക്കാനായി ബീയറും അന്താക്ഷരിയുമായി ഒരു രാത്രി. ഈ യാത്രയിൽ എല്ലാവരും ആസ്വദിച്ച ഒരു രാത്രിയായിരുന്നു അത്. കൂർഗിന്റെ തണുപ്പിൽ തീക്ക് ചുറ്റുമിരുന്ന് …
പിറ്റേ ദിവസം, ഭയങ്കര തിരക്കുള്ള കാര്യങ്ങളായിരുന്നു തീരുമാനിച്ചിരുന്നത്. ഒരു വണ്ടി ഏൽപ്പിച്ചു. ആദ്യം ദുബാരേ, ആനകളുടെ കുളി കാണാൻ വേണ്ടി. പക്ഷേ എത്തിയപ്പോഴേക്കും വൈകി. ഒരു ചെറിയ ബോട്ട് യാത്രയും കഴിഞ്ഞ്, കുറേയധികം ചിത്രങ്ങളും എടുത്ത് എല്ലാവരും തിരിച്ചു. അടുത്തത് നാഗർഹോളേ നാഷണൽ പാർക്ക്. അവിടെ കുറച്ച് സമയം ചിലവഴിച്ചു. ഉച്ചവരെ. നദീ തീരവും, മാനുകളും, ഇരുണ്ട വനവും, തൂക്കുപാലവും, എല്ലാം.. ഇടക്കിടക്ക് പെയ്യുന്ന നനുത്ത മഴയും.. എല്ലാം കൂടി.. ഉച്ച ഭക്ഷണവും കഴിഞ്ഞ് ടിബറ്റിയൻ അമ്പലമായ ബൈലക്കുപ്പയിലുള്ള ഗോൾഡൻ ടെമ്പിളിലേക്ക്. അവിടെ നിന്ന് തിരിച്ച് മടിക്കേരിയിലേക്ക്. അവിടെ എത്തിയപ്പോഴേക്കും വൈകുന്നേരമായി. അവിടുത്തെ നനുത്ത മഴയിലിരുന്ന് മ്യൂസിക്കൽ ഫൗണ്ടൻ ഷോയും കണ്ട് തിരിച്ചു. നല്ല മഴ. അത്യാവശ്യം ചില ഷോപ്പിങ്ങുകളും കഴിഞ്ഞ് തിരിച്ചപ്പോഴേക്കും എട്ട് മണിയായി. വഴിക്കിടക്ക് എല്ലാവരും സഞ്ചരിച്ചിരുന്ന വണ്ടിയുടെ വൈപ്പർ കേടായി. നല്ല മഴയും. അതൊരു ദുർഘടം പിടിച്ച യാത്രയായിരുന്നു. മുൻപിലിരുന്ന ഗ്ലാസ് തുടച്ചു കൊടുത്ത രതീഷിനു ആയിരം നന്ദി പറഞ്ഞാലും മതിയാകില്ല. ഹോം സ്റ്റേയിൽ തിരിച്ചെത്തിയപ്പോഴേക്കും രാത്രി പതിനൊന്നു മണിയായിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചു. ആണുങ്ങൾ ക്ഷീണം തീർക്കാൻ ഇന്നലത്തെ ബാക്കിയിരുന്ന ബീയറും അടിച്ചു പതുക്കെ ഭക്ഷണം കഴിച്ചിരുന്നു. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ തന്നെ എല്ലാവരുടേയും ക്ഷീണം മാറി. നാളെ ബാംഗളൂരേക്ക് തിരിച്ച്…
ഉറങ്ങി ക്ഷീണം മാറി തിരിക്കാം എന്ന തീരുമാനത്തോടെ പിരിഞ്ഞു. പിറ്റേന്ന് രാവിലെ ഒരു പത്ത് മണിയോടെ എല്ലാവരും തയ്യാറായി. യാത്ര തിരിച്ചു. ഹോം സ്റ്റേയിലെ സ്റ്റേയും അവസാനിപ്പിച്ച്. തിരിച്ചു പകൽ യാത്ര ആയതു കൊണ്ട്, നാഗർഹോളേ നാഷണൽ പാർക്ക് എന്ന വനത്തിലൂടെ യാത്ര തിരിച്ചു. ഞാൻ ആസ്വദിച്ചിട്ടുള്ള ഏറ്റവും നല്ല യാത്രയായിരുന്നു അത്. വനത്തിലൂടെ ഇടക്കിടക്ക് കാണുന്ന മാനുകളും പക്ഷികളും എല്ലാം കൂടി ഒരു കിടിലൻ യാത്ര. ഒരു മണിക്കൂർ നേരം ആസ്വദിച്ച് വണ്ടി ഓടിച്ചു. പിന്നീട് ഒന്നും കാണാൻ നിൽക്കാതെ ബാംഗളൂരിലേക്ക് വച്ച് പിടിച്ചു. ഇടക്ക് ഭക്ഷണം കഴിക്കാനും മറ്റും സാവധാനം നിർത്തി, ബാംഗളൂർ എത്തിയപ്പോഴേക്കും രാത്രി എട്ട് മണീയായി. പിന്നേ ഓരോരുത്തരുടെ വീട്ടിൽ കയറി, എല്ലാവരും ഫോട്ടോ എല്ലാം ഷേയർ ചെയ്തു വീടുകളിൽ എത്തിയപ്പോഴേക്കും പതിനൊന്ന് മണിയായി. ഒരു നല്ല യാത്രയുടെ അവസാനം…
ഒരിക്കലും മറക്കാത്ത ചില നിമിഷങ്ങൾ ഇതിൽ..
വഴിയിൽ കൂർഗ് കഫേയിലെ ചൂട് കാപ്പി,
ഇരുപ്പു വെള്ളച്ചാട്ടത്തിലെ മഴ നനഞ്ഞുള്ള യാത്രയും, അട്ട കടിയും,
ജേഡ് ഹോം സ്റ്റേയിലെ തിക്കൂട്ടിയുള്ള രാത്രി, അന്താക്ഷരി കളിയും
മടിക്കേരിയിൽ നിന്ന് ദുർഘടം പിടിച്ച വൈപർ കേടായ യാത്ര.
വനത്തിലൂടെയുള്ള തിരിച്ചുള്ള യാത്ര..
കുറേ നാളുകൾക്ക് ശേഷം നന്നായി ആസ്വദിച്ച ഒരു യാത്ര അങ്ങിനെ തീർന്നു. ഇനിയും ഓർക്കുമ്പോൾ മനസ്സിൽ കുളിർ കോരിയിടുന്ന ഒരു യാത്രകളിൽ ഒന്ന്. ഇടക്ക് അല്ലറ ചില്ലറ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായെങ്കിലും, എല്ലാവരും നന്നായി മതിമറന്നാഘോഷിച്ച ഒന്നായിരുന്നു, ഈ കൂർഗ് യാത്ര.. ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത്, എല്ലാം മറന്ന് ഒന്നിച്ചിറങ്ങിയ എന്റെ സുഹൃത്തുക്കളോട്..
ആശംസകള് നേരുന്നു
a travel towards nature…………………
http://www.sabukeralam.blogspot.in
to join പ്രകൃതിയിലേക്ക് ഒരു യാത്ര
http://www.facebook.com/sabukeralam1