Sunset at NandiHills Bangalore
Originally uploaded by Rameshng
കഴിഞ്ഞ ശനിയാഴ്ച ഒരു ചെറിയ ലോംഗ് ഡ്രൈവിനായി ഞാനും പാറുവും ഇറങ്ങിത്തിരിച്ച് എത്തിയതാണ് നന്ദി ഹില്ലിലേക്ക്. ഉച്ചക്ക് ഊണും കഴിഞ്ഞ് ഇറങ്ങി. തിരക്ക് കുറഞ്ഞ റോഡ് നോക്കി മാരത്തഹള്ളിയിൽ നിന്ന് തിരിച്ചത് ഔട്ടർ റിംഗ് റോഡ് വഴി, എയർപോർട്ട് റോഡിലേക്ക്. ബാംഗളൂരിൽ ചൂടു കൂടി തുടങ്ങിയിരുന്നു. എയർപോർട്ട് റോഡിൽ ടോൾ പിരിവും തുടങ്ങി. ഒരു മുപ്പത് കിലോമീറ്റർ നീങ്ങുന്നതു വരെ നല്ല ട്രാഫിക്ക് കിട്ടി. അധികവും ഫ്ലൈ ഓവർ പണികൾ കാരണം. എയർപോർട്ടിനടുത്തെത്താറായപ്പോഴേക്കും നല്ല തിരക്ക് കുറഞ്ഞു. സൈഡിൽ നിർത്തി ഒരു കരിക്കും കുടിച്ച് യാത്ര തുടർന്നു. നന്ദി ഹില്ലിലേക്ക് ബാംഗളൂർ എയർപൊർട്ട് കഴിഞ്ഞ് ഒരു 6 കിലോമീറ്റർ കഴിയുമ്പോൾ എൻ.എച്ച്.4 ൽ നിന്ന് ഇടത്തോട്ട് തിരിയണം. അവിടെ നിന്ന് ഒരു 25 കി.മി കൂടി. പക്ഷേ, ഇടത്തോട്ട് തിരിഞ്ഞ് കഴിഞ്ഞപ്പോഴേ വഴി ശരിക്കും ഒരു ഗ്രാമപ്രദേശം പോലെ ആയി. സിറ്റിയിൽ നിന്ന് ഇത്ര അടുത്ത് ശാന്തമായ നല്ല സ്ഥലമുണ്ടെന്ന് അത്ഭുതം തോന്നി. വശങ്ങളിൽ മുന്തിരിത്തോട്ടങ്ങൾ, റോഡരുകിൽ മഞ്ഞപ്പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന മരങ്ങൾ. എന്ത് കൊണ്ടും അടിപൊളി യാത്ര. വഴിയരുകിൽ ആളുകൾ ചെറിയ ചെറിയ കുട്ടയുമായി മുന്തിരി വിൽക്കാനും നിൽക്കുന്നുണ്ട്. അകലേ നന്ദി ഹില്ലാണെന്ന് തോന്നുന്നു, കാണാമായിരുന്നു. പിന്നീട് ഒരു 10 കി.മി ദൂരമുള്ളപ്പോൾ മലകയറ്റം തുടങ്ങി. നല്ല ഹെയർ പിൻ വളവുകൾ ഉള്ള മലകയറ്റം, ഉയർത്തിലേക്ക് പോയി കൊണ്ടിരുന്നു. അൽപ്പ സമയം മുൻപ് സിറ്റിയിലെ കിടിലൻ ബഹളങ്ങൾക്കിടയിൽ നിന്ന് ഇപ്പോ ശാന്ത സുന്ദരമായ തണുപ്പുള്ള ഒരു മലകയറ്റം. അങ്ങിനെ നന്ദി ഹില്ലിന്റെ മുകളിൽ എത്തി. ധാരാളം കടകൾ. ഒരു ചായയും മുളക് ബജ്ജിയും കഴിച്ച് ഞങ്ങൾ വ്യൂ പോയിന്റിലേക്ക് നീങ്ങി. ഒരു ചെറിയ അമ്പലവും,അതിനപ്പുറം പാറകൾക്ക് മുകളിൽ നിന്ന് ദൂരക്കാഴ്ച. ശരിക്കും അടിപൊളി. സൂര്യൻ അസ്ഥമിക്കാറായി. അതിനിടക്ക് അവിടെ ഒരു ഒച്ചയും ബഹളവും. പോലീസുകാർ ഓടുന്നു. അവിടെ സുയിസൈഡ് പോയിൻറ്റിൽ നിന്ന് ആരോ എടുത്ത് ചാടിയത്രേ. അവിടെ നിന്ന് പോലിസുകാരും ചില ആളുകളും ചേർന്ന് കയറെല്ലാം ഇട്ട് താഴേക്കിറന്നുത് കണ്ടു. പക്ഷേ, ആളേക്കിട്ടിയോ എന്തോ, കുറച്ച് കഴിഞ്ഞ് എല്ലാവരും തിരിച്ചുപോകുന്നതാണ് കണ്ടത്. ആ സമയം കൊണ്ട് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാറായി. ശരിക്കും കാണേണ്ട ഒരു സൂര്യാസ്തമനം തന്നെയാണ് അത്. അങ്ങിനെ ഇരുട്ടയി തുടങ്ങിയപ്പോൾ ഞങ്ങൾ പതുക്കെ അവിടെ നിന്ന് പുറപ്പെട്ടു. ഒരു അപ്രതീക്ഷിത നല്ല യാത്രയുടെ ഓർമ്മയുമായി ഞങ്ങൾ മലയിറങ്ങി.
നന്ദി ഹില്, കേട്ടിട്ടുണ്ടെന്നല്ലാതെ പോയിട്ടില്ല. സ്വന്തം വാഹനമില്ലാതെ പോവുന്നതു് ഇത്തിരി ബുദ്ധിമുട്ടാണല്ലേ,ബസ്സിലൊക്കെ?