മഴക്കാലം എന്നും എനിക്ക് അകലത്തായിരുന്നു. മഴയത്ത് നടക്കുന്നതും, വെറുതെ ഇരിക്കുന്നതും, മഴയുടെ താളം കേട്ട് ഒരു ചായയും മോന്തി ഇരിക്കുന്നതിന്റെ സുഖവും സന്തോഷവും എന്നും നഷ്ടപ്പെട്ട ഒരു ഓര്‍മ്മ ആയിരുന്നു. മഴ അനുഗ്രഹിക്കാത്ത ഡെല്‍ഹിയും പരിസരങ്ങളും എന്റെ ലോകമായിരുന്നു. രാത്രിയില്‍ മുഴുവന്‍ നിര്‍ത്താതെ പെയ്യുന്ന മഴയും അതിന്റെ താളത്തില്‍ ഉറങ്ങുന്നതും മറ്റും ഇവിടുത്തുകാരോട് പറയുമ്പോള്‍ അവര്‍ക്കത് ഒരു അത്ഭുതമാണ്.
ഈ വര്‍ഷത്തെ മഴക്കാലം ഞാനും അടുത്തറിഞ്ഞ സമയമായിരുന്നു. നിനക്കാതെ കിട്ടിയ ഒരു ഔദ്യോഗിക യാത്ര മംഗലാപുരത്തേക്ക്. ഡെല്‍ഹിയുടെ ചൂടില്‍ നിന്ന് ഒരു ചെറിയ ഇടവേള. മംഗലാപുരത്ത് എത്തിയത് തന്നെ മഴയത്ത്. പിന്നെ അവിടുത്തെ മൂന്ന് വൈകുന്നേരങ്ങളില്‍ മഴ തന്നെ മഴ! പിന്നെ നാലു ദിവസം നാട്ടിലേക്ക്. നാട്ടിലെത്തി വീട്ടിലേക്ക് കയറിയത് തന്നെ മഴയത്ത്. വീടിനു ചുറ്റുമുള്ള പാടങ്ങളും, ചാലും എല്ലാം വെള്ളം കയറി കിടക്കുന്നു. ഞാന്‍ വന്ന വഴി മഴ പെയ്യാന്‍ തുടങ്ങി അത്രേ! സംഗതി ഞാറ്റുവേലയുടെ മഴയായിരുന്നു. പക്ഷേ, എല്ലാം എനിക്ക് വേണ്ടി പെയ്ത മഴയായിരുന്നു.